Research and reflections on the ancient Jacobite Syrian Orthodox Church of Malankara, Kerala
345 ലെ ഒന്നാം സിറിയൻ കുടിയേറ്റം: “ചരിത്രപരമായ തെളിവുകൾ”, ഇന്ത്യക്കാരുടെ ചരിത്രം എഴുത്തു
– എന്താണ് പുരാതന കാലഘട്ടത്തിലെ (1st -5th നൂറ്റാണ്ടു വരെ) “ചരിത്രപരമായ തെളിവുകൾ” എന്നതിന്റെ സ്വഭാവം എന്നത് സൂക്ഷ്മമായി ചിന്തിക്കേണ്ടിയിരിക്കുന്നു.
ഗ്രീക്ക് / റോമൻ / ഈജിപ്ഷ്യൻ / പേർഷ്യൻ / ചൈനീസ് മുതലായ സാമ്രാജ്യങ്ങളുടെ ചരിത്രത്തിൽ അതിപുരാതന കാലംമുതൽ തന്നെയുള്ള സൂക്ഷ്മമായ രേഖകളും, ഗ്രന്ഥവരികളും, അനേകം ശിലാലിഖിതങ്ങളും മറ്റും അടങ്ങിയ സ്രോതസ്സുകളുടെ ഭീമാകാരമായ സമുച്ചയം തന്നെ ഉണ്ട്. പക്ഷെ ഇന്ത്യയെ/കേരളത്തെ സംബന്ധിച്ചു ഇപ്രകാരം ഇല്ല എന്നുള്ളത് ഒരു വസ്തുത ആണല്ലോ.
“അറിയാൻ” (Arian – 2nd century AD. See W. Vincent’s translation 1809:19) എന്ന ഗ്രീക്ക് ചരിത്രകാരൻ പറയുന്നു: “ഇന്ത്യക്കാർ ചരിത്രം എഴുതാറില്ല, രാജാക്കന്മാരുടെ പ്രതിമകൾ ഉണ്ടാക്കാറില്ല; രജാക്കളുടെയും മറ്റും സൽക്കർമങ്ങൾ തന്നെ അവരുടെ ഓർമയെ നിലനിർത്തുന്നു; അവയെക്കുറിച്ചു അവർ പാട്ടുകൾ ഉണ്ടാക്കുന്നു” എന്ന്.
ഇപ്രകാരം ഇന്ത്യക്കാർ /കേരളീയർ സാധാരണയായി വാമൊഴിയായും പാട്ടുകൾ (Ballads ) ആയും ചരിത്രം തലമുറകൾക്കു കൈമാറി, എന്നാൽ ചിലതു എഴുതുകയും ചെയ്തു എന്നതാണല്ലോ വസ്തുത.
കേരളത്തിലെ സുറിയാനി സഭയ്ക്ക് മറ്റൊരു കുറവ് കൂടിയുണ്ട്. അവരുടെ ചരിത്രം – അവ സ്രോതസ്സുകളോ ചരിത്രമായി എഴുതപ്പെട്ടതോ വായ്‌മൊഴി ആയതോ ആവാം- 450 വർഷത്തെ വിദേശ മേല്ക്കോയ്മകാലത്തു ഉടനീളം യൂറോപ്യൻ കോളോണിയലിസ മനോഭാവത്തിന്റെ, അതായത് പോർച്ചുഗീസ്, ഡച്, ബ്രിട്ടീഷ് അധികാരികളുടെയോ കത്തോലിക്ക / പ്രൊട്ടസ്റ്റന്റ് എന്നീ യൂറോപ്യൻ സഭകളുടെയോ തല്പരകാരണങ്ങളാൽ ഉണ്ടായ പീഡയിൽ അമർത്തപ്പെടുകയോ തിരസ്കരിക്കപ്പെടുകയോ പുച്ഛിച്ചു തള്ളപ്പെടുകയോ ചെയ്യപ്പെട്ടതായി കാണുന്നു.
കൂടാതെ സുറിയാനിക്കാർ ഈ കാലഘട്ടം ഏകദേശം മുഴുവനിലും പീഢിതർ ആയിരുന്നതിനാൽ വളരെയേറെ പുസ്തകങ്ങളും ലിഖിതങ്ങളും രേഖകളും അവർക്കു നഷ്ട്ടപ്പെട്ടുപോയിട്ടുള്ളതായും കാണുന്നു. ബൃഹുത്തായ ഗ്രന്ഥവരികളോ കൂട്ടിയിണക്കിയുള്ള ചരിത്ര ആഖ്യാനങ്ങളോ ഇല്ലാതിരിക്കെ കൊണ്ടുതന്നെ ഓരോ സമുദായത്തിന്റെയും പാട്ടുകളും വായ്‌മൊഴിചരിത്രവും അല്പം ചില ശാസനകളൂം ലിഖിതങ്ങളൂം എല്ലാം അവരുടെ ചരിത്രത്തിൽ ഒരുപോലെ പ്രാധാന്യം അർഹിക്കുന്നു. ഇക്കാരണത്താൽ അവരുടേത് എന്ന് അവർ വിശ്വസിക്കുന്ന ചരിത്രത്തെ തിരസ്കരിക്കുന്നതും അവയെ നിഷ്പ്രഭമാക്കുന്നതും ഒരു ചരിത്രകാരന് സ്വീകാര്യമായ നിലപാട് ആണെന്ന് തോന്നുന്നില്ല. ഇവയെ സമഗ്രമായി പഠിച്ചു വിശകലനം ചെയ്യാതെ ആ സമുദായത്തിന്റെ ചരിത്രം രൂപിയ്ക്കരിക്കുവാൻ സാധ്യമല്ല. “അവർക്കു ചരിത്രം ഇല്ല” എന്ന് വാദിക്കുന്നതും ന്യായമായ നിലപാട് അല്ല, പിന്നെയോ അത് ഒരു അധിനിവേശ പ്രവണത (colonial tendency) മാത്രമായിതന്നെ വിലയിരുത്തേണ്ടിയിരിക്കുന്നു.
ചരിത്രത്തെളിവുകൾക്കു രണ്ട് മാനദണ്ഡങ്ങൾ ഉണ്ടല്ലോ :
ഒന്ന്- അവയിലെ പ്രതിപാദ്യ വിഷയങ്ങൾ കോൺസിസ്റ്റന്റ് (consistent ) ആണോ? കൊടുത്തിരിക്കുന്ന വിഷയങ്ങൾ സ്രോതസ്സുകളിൽ തമ്മിൽ പൊരുത്തമുള്ളതും ചേർച്ച ഉള്ളതും ആണോ?
രണ്ട്- അവയെ നിരാകരിക്കുന്ന വാദങ്ങൾക്കു എത്രമാത്രം ബലം ഉണ്ട്?
ഈ രണ്ടിലും ഒന്നാം സിറിയൻ കുടിയേറ്റം ബലമായി തന്നെ നിൽക്കുന്നതായി കാണുന്നു. അതിന്റെ വിശദാംശങ്ങൾ എല്ലാം തന്നെ എല്ലാ സ്രോതസ്സുകളിലും തമ്മിൽ പൊരുത്തമുള്ളതായി കാണുന്നു. ഈ സാമുദായം എങ്ങിനെ കേരളത്തിൽ ഉടൽ എടുത്തു അവരുടെ മതപരമായ ആചാരങ്ങൾ എങ്ങിനെ ഇവിടെ വന്നു എപ്പോൾ വന്നു എന്നതിനെ കുറിച്ചെല്ലാം ഉള്ള ആഖ്യാനങ്ങളിൽ (narratives ) എല്ലാ വശത്തുനിന്നും പൊരുത്തം കാണുന്നു. നേരെ മറിച്ചു അവക്ക് വിരുദ്ധമായി നിൽക്കുന്ന ചരിത്രങ്ങൾ പലപ്പോഴും അനുമാനങ്ങൾ മാത്രമായി കാണുന്നു. കൊടുത്തിരിക്കുന്ന തെളിവുകളും പരസ്പരവിരുദ്ധമാണ്.
അവരുടെ ചരിത്രത്തിന്റെ ഒരു ചെറിയ കണ്ണിയെ ഭാഗികമായ തെളിവുകളുടെ അടിസ്ഥാനത്തിലും അവരുടെ ചരിത്രത്തിന്റെ മറ്റൊരു ഭാഗത്തെയും സ്പർശിക്കാതെയും, അവക്കുള്ള ആഴത്തിനെയും പരപ്പിനേയും കോൺസിസ്റ്റൻസി(consistency) യെയും ഗൗനിക്കാതെയും തിരസ്കരിക്കുന്നതു അജ്ഞതയോ അറിഞ്ഞുകൊണ്ടുള്ള അവഗണനയോ ആയി തോന്നുന്നു.